May 17, 2010

സ്കൂള്‍ ഡേയ്സ്

നാട്ടിലെ ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപകവേഷം കെട്ടിയാടിയ കുറേ കാലം അവിസ്മരണീയമായ കുറേ നല്ല അനുഭവങ്ങളുടെ ഓര്‍മ്മകളുടെയും കാലമാണ്. സഹപ്രവര്‍ത്തകര്‍ എന്നതിലുപരി ഏറ്റവും നല്ല കുറേ സുഹൃത്തുകളേയും നേടിയെടുക്കാനായത് ഇക്കാലത്താണ്. പത്തു മിനിറ്റ് മാത്രമുള്ള ഇടവേളകള്‍ തമാശകളും ഉത്കണ്ഠകളും അനുഭവങ്ങളും ഒക്കെ പങ്കുവച്ച് ശരിക്കും ആഘോഷങ്ങള്‍ തന്നെയായിരുന്നു സ്റ്റാഫ് റൂമില്‍ ഞങ്ങള്‍ക്ക്. ദിവസത്തില്‍ കിട്ടുന്ന രണ്ടോ മൂന്നോ ഫ്രീ ഹവറുകള്‍, ഉച്ച ഭക്ഷണത്തിനുള്ള ആലസ്യം നിറഞ്ഞ ഇടവേള, സ്കൂള്‍ സമയം കഴിഞ്ഞ് പിന്നെയും പുഴക്കരയിലോ മറ്റോ ചെലവഴിച്ചിരുന്ന മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന സുഹൃദ് സംഗമങ്ങള്‍.. എല്ലാം എക്കാലത്തേയും മറക്കാനാവാത്ത ഓര്‍മ്മകളാണ്.

സ്കൂളില്‍ പുതുതായി വന്ന ഹെഡ്മാസ്റ്റര്‍ അനില്‍ മാഷിന്റെ സരസഭാഷണങ്ങള്‍ ഞങ്ങള്‍ മറ്റുള്ള അധ്യാപകര്‍ക്കിടയില്‍ എപ്പോഴും കൂട്ടച്ചിരിക്ക് കാരണമാകാറുണ്ട്. ഒരിക്കല്‍ സ്കൂളില്‍ സ്പോര്‍ട്സ് മത്സരങ്ങള്‍ നടത്തുന്നതിന് വേണ്ടി ഇനങ്ങള്‍ നിശ്ചയിച്ച് ക്ലാസുകള്‍ തോറും പ്രത്യേകം മെമ്മോ വായിച്ചു കേള്‍പ്പിച്ചു. സ്കൂള്‍ ഗ്രൌണ്ടിന് വേണ്ടത്ര വലിപ്പമില്ലാത്തതിനാല്‍ ഓട്ട മത്സരം ഞങ്ങള്‍ 100 മീറ്റര്‍, 200 മീറ്റര്‍ എന്നിങ്ങനെ രണ്ടിനങ്ങളിലായി വെട്ടിച്ചുരുക്കിയിരുന്നു. ഒന്പതാം ക്ലാസില്‍ മെമ്മോ വായിച്ചത് അനില്‍ മാഷാണ്. "ഓട്ട മത്സരം ഒന്ന് -100 മീറ്റര്‍, രണ്ട് -200 മീറ്റര്‍.." മാഷ് അടുത്ത ഇനം വായിക്കാന്‍ പോകുന്നതിനു മുന്പേ ക്ലാസില്‍ നിന്നാരോ ചോദിച്ചു "പിന്നെയില്ലേ മാഷേ?" മറുപടി പറയാന്‍ മാഷിന് ഒട്ടും താമസമുണ്ടായില്ല. "പിന്നെ വേണ്ടവര്‍ക്ക് പിന്നേം ഓടാം."

മറ്റൊരിക്കല്‍ ഞങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാഷ് താമസം തുടങ്ങിയ പുതിയ ക്വാര്‍ട്ടേഴ്സിന് ഒരു പേരിടുന്ന കാര്യത്തെപറ്റി ഞങ്ങളോട് ചര്‍ച്ച ചെയ്തു. സംസാരത്തിനിടയില്‍ മാഷ് പറഞ്ഞു "വീടിന് സിനി-മഹല്‍ എന്നൊരു പേര് ഞാന്‍ കണ്ടു വച്ചിരുന്നു." (മാഷുടെ ഭാര്യയുടെ പേരാണ് സിനി) "പേര് കൊള്ളാലോ അത് പോരേ" ഞങ്ങള്‍ ചോദിച്ചു. മാഷ് പറഞ്ഞു 'പേര് കൊള്ളാം, പക്ഷേ ഒരു പ്രശ്നമുണ്ട് ഇംഗ്ലീഷിലെഴുതിയാല്‍ അത് സിനിമാഹാള്‍ (sinimahal) എന്നേ വായിക്കൂ.'