April 18, 2010

തുമാരാ നാം ക്യാ ഹെ

മേം ഖൂര്‍ക്കാ ഹൂം.... ഹേ.. ഹോ....
ഗാന്ധി നഗറിലെ മോഹന്‍ലാലിന്റെ ഈ പ്രശസ്തമായ ഡയലോഗ് കേള്‍ക്കുമ്പോഴൊക്കെ ഞാനോര്‍ക്കുന്ന എന്റെ ഒരു പഴയ സഹപാഠിയുണ്ട്. ചേക്കുട്ടി. (ഇപ്പോ ഭാര്യ വഴി അവനെന്റെ ബന്ധുവും കൂടിയാണ്)
ഒന്നാം ക്ലാസു മുതലേ ഉണ്ടായിരുന്ന എന്റെ പേടി സ്വപ്നമായ കണക്കിന് കൂട്ടായി അഞ്ചാം ക്ലാസു മുതല്‍ ഹിന്ദിയും ചേര്‍ന്നു.
ഇവരെ ഒന്നു മെരുക്കിയെടുക്കാന്‍ സകല അടവുകളും പയറ്റി നോക്കി അങ്ങനെ ഏഴാം ക്ലാസിലെത്തിയപ്പോ കാര്യങ്ങളിലൊക്കെ ഒരു തീരുമാനമായി. രണ്ടും ഒരു നടക്ക് പോകൂലാന്ന്. ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ ഹിന്ദിയും കണക്കും എന്ന അവസ്ഥയിലായി.
ഹിന്ദി കണക്കിനോളം ഒരു കീറാമുട്ടി ആയിരുന്നില്ലെങ്കിലും ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചേക്കുട്ടിയുടെ ഹിന്ദിയിലുള്ള പ്രാവീണ്യം കണ്ട് എനിക്കും ക്ലാസിലുള്ള മറ്റ് 22 കുട്ടികള്‍ക്കും തങ്ങളുടെ രാഷ്ടഭാഷാ വിജ്ഞാനത്തില്‍ വലിയ മതിപ്പില്ലായിരുന്നു. ഹിന്ദി മാഷായ നമ്പൂരി മാഷിന് തെറ്റിയാലും ചേക്കുട്ടിക്ക് തെറ്റില്ല എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിച്ചു.
അതുകൊണ്ട് തന്ന ഹിന്ദി പരീക്ഷ വരുമ്പോള്‍ ചേക്കുട്ടി ഉണ്ടാകുമല്ലോ പിന്നെന്തിനാ ടെക്സ്റ്റ് ബുക്ക് ചീത്തയാക്കുന്നത് എന്നോര്‍ത്ത് ഹിന്ദി പുസ്തകത്തെ വലിയ പരിക്കൊന്നും കൂടാതെ സീനത്ത് ടെക്സ്റ്റൈല്‍സിന്റെ മഞ്ഞ നിറമുള്ള കവറില്‍ വെയിലു കൊള്ളിക്കാതെ വിശ്രമിക്കാന്‍ വിട്ടു. മറ്റൊന്നും കൊണ്ടല്ല, മൈക്രോസോഫ്റ്റ് എക്സല്‍ മുന്നില്‍ തുറന്ന് കിടക്കുമ്പോ മനക്കണക്കു കൂട്ടി റിസ്ക്കെടുക്കേണ്ട കാര്യമെന്ത്?
അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ ഹിന്ദിക്ക് മറ്റു ബെഞ്ചുകളില്‍ മൂന്നോ നാലോ പേരു വീതം പരീക്ഷ എഴുതാനിരുന്നപ്പോ ചേക്കുട്ടി ഇരിക്കുന്ന ബെഞ്ചില്‍ മാത്രം 8 പേര്‍ കൂളായി ഇരുന്നു. ബാക്കിയുള്ളവരുമായി അതിനു മുമ്പേ തന്നെ കയറ്റുമതി ഉദാരമാക്കാനുള്ള ആസിയാന്‍ കരാറില്‍ ഒപ്പു വച്ചവര്‍.
പരീക്ഷ കഴിഞ്ഞിറങ്ങിയ ഞാനടക്കമുള്ള 23 പേരും ഹാപ്പി.
എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഇത്ര എളുപ്പമുള്ള പരീക്ഷ അടുത്ത കാലത്തൊന്നും എഴുതിയിട്ടില്ല.
ഒന്നു രണ്ട് പേര്‍ക്ക് മാത്രം ഒരു സംശയം. മാര്‍ക്ക് അമ്പതില്‍ അമ്പതോ അതോ നാല്പത്തൊന്‍പതരയോ
ഉപകാരസ്മരണയായി ചേക്കുട്ടിക്ക് ഉപഹാരപ്രവാഹം..
ഒരാഴ്ച കഴിഞ്ഞ് പരീക്ഷ പേപ്പര്‍ തരാനായി വന്നപ്പോ പ്രതീക്ഷിക്കാതെ നമ്പൂരി മാഷിന്റെ കൈയില്‍ ഒന്നര മീറ്റര്‍ നീളത്തില്‍ മുട്ടനൊരു ചൂരല്‍.
ചേക്കുട്ടി ഒഴികെ 22 പേര്‍ക്കും കിട്ടി 2 വീതം.
ആര്‍ക്കു കാര്യം പിടി കിട്ടിയില്ല, നമ്പൂരി മാഷ് തന്നെ പറഞ്ഞു തരും വരെ.
സംഗതി സിംപിള്‍
ഏറ്റവുമൊടുവിലുണ്ടായിരുന്ന 'തുമാരാ നാം ക്യാ ഹെ' എന്ന ചോദ്യത്തിന് 22 പേരും കടുകിട തെറ്റാതെ ഉത്തരമെഴുതിയിട്ടുണ്ട് 'മേരാ നാം ചേക്കുട്ടി ഹെ!!'

April 17, 2010

അജ്ഞാതം

ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ആകസ്മികങ്ങളാണ്. ഒന്നും മുന്‍കൂട്ടി തീരുമാനിച്ചപോലല്ല. അപ്രതീക്ഷിതമായി, നിനച്ചിരിക്കാത്ത ഒരു സന്ദര്‍ഭത്തില്‍ ഊഹിക്കാന്‍ പോലും കഴിയാത്ത എന്തെല്ലാം നടന്നു കൂട.
നാലഞ്ച് മാസമായിക്കാണണം ഓഫീസിലേക്കുള്ള ഒരു പര്‍ച്ചേസ് ഓര്‍ഡര്‍ വാങ്ങിക്കൊണ്ടുവരാന്‍ വേണ്ടി കുറച്ച് ദൂരെയുള്ള ഒരു കമ്പനിയില്‍ പോയി വരികയായിരുന്നു ഞാന്‍.
അബൂദാബിയിലെത്തിയിട്ട് ഏതാനും വര്‍ഷങ്ങളായെങ്കിലും ഇവിടുത്തെ പല സ്ട്രീറ്റുകളും പേരുകളും ഇനിയും വശമായിട്ടില്ല. തിരിച്ച് പോരാന്‍ ബസും പ്രതീക്ഷിച്ച് മറയില്ലാത്ത ബസ് സ്റ്റോപ്പില്‍ കുറച്ചുസമയം നിന്ന് വെയിലോ ഞാനോ എന്നൊരു ബലപരീക്ഷണം നടത്തി നോക്കി. ഒടുവില്‍ 'ഇവിടായിപ്പോയി നാട്ടിലെ വെയിലായിരുന്നെങ്കി കാണിച്ചു തരാമായിരുന്നു' എന്നൊരാത്മഗതവും നടത്തി തൊട്ടുപിറകിലെ ബഹുനിലക്കെട്ടിടത്തിന്റെ ഓരത്തേക്ക് മാറി നിന്നു, മുന്നിലൂടെ കടന്നുപോകുന്ന ആളുകളേയും നോക്കി.
പഠാണിയുടെ ക്രൌര്യം നിറഞ്ഞ മുഖമോ ഫിലിപ്പിനികളുടെ നിഷ്കളങ്കതയോ, ആഫ്രിക്കന്‍ വീര്യമോ ഒന്നുമല്ല, വെയിലിലൂടെ ഇനിയും തീര്‍ക്കാനുള്ള ജീവിതത്തിന്റെ തിരുശേഷിപ്പുകള്‍ തേടി ധൃതിയില്‍ നടന്നു പോകുന്ന ഒരേ ഭാവങ്ങള്‍, വിവിധ കാലങ്ങള്‍
ആരും ആരെയും കാണുന്നില്ല. അപൂര്‍വ്വം ചിലര്‍ മാത്രം ലക്ഷ്യമൊന്നുമില്ലാതെ നാലുപാടും അലസമായി കണ്ണുപായിച്ച് മന്ദം നടക്കുന്നു.
അടുത്തെവിടെയോ ഒരാശുപത്രി ഉണ്ടെന്നു തോന്നുന്നു. ഡ്യൂട്ടി കഴിഞ്ഞാവണം യൂണിഫോമും ധരിച്ച് കുറേ നഴ്സുമാര്‍ ഒറ്റക്കും കൂട്ടമായും നടന്നു പോകുന്നുണ്ട്. എന്താണ് ആരും തമ്മില്‍ സംസാരിക്കാത്തത്, ചിരിക്കാത്തത്. എല്ലാവരുടേയും മുഖത്ത് നിര്‍വ്വികാരത മാത്രം..
എല്ലാവരും പോയിക്കഴിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ ഏറ്റവുമൊടുവിലായി അവരില്‍പെട്ട ഏതാണ്ട് 20 വയസ്സ് പ്രായമായ ഒരു പെണ്‍കുട്ടിമാത്രം എന്റെയരികില്‍ നില്പായി. യാദൃശ്ചികമായി ഇടയ്ക്ക് ഞാനവളെ ഒന്നു നോക്കി
അവളുടെ വെപ്രാളം പിടിച്ച കണ്ണുകള്‍ ധൃതിപ്പെട്ട് ചുറ്റുപാടും നോക്കുന്നു.. മുഖത്ത് വിവിധ ഭാവഭേദങ്ങള്‍ എന്തൊക്കെയോ അസ്വാഭാവികത.
ഞാന്‍, ബസ് വരുന്നുണ്ടോ എന്ന് നോക്കുന്നതിനിടയില്‍ അതുവഴി പോയ അവളുടെ പരിചയക്കാരനായ ഒരു മധ്യവയസ്കന്‍ അവളെകണ്ട് കുശലം ചോദിക്കുന്നു.
അയാള്‍: "എന്താ ഇന്ന് ലീവാണോ?"
അവള്‍: "അല്ല ഡ്യൂട്ടി കഴിഞ്ഞ് വരികയാ"
അയാള്‍: "നാളെയല്ലേ നാട്ടില്‍ പോകുന്നത്?"
അവള്‍: "അതേ"
അയാള്‍: "ഫ്ലാറ്റ് ഒഴിഞ്ഞോ?"
അവള്‍: "ഇല്ല ചേട്ടനുണ്ടാവും. പറഞ്ഞിട്ടുണ്ട്"
അയാള്‍: "വേണുവിനോട് നാട്ടിലെത്തിയാല്‍ കാര്യത്തിലൊക്കെ ഒരു തീരുമാനത്തിലെത്താന്‍ പറയണം."
അവള്‍: "ഉം.."
അയാള്‍: "ഞാന്‍ അതിലിടക്ക് ബേബിയെ ഒന്നു കാണാം, നീ ഒന്നും കാര്യമാക്കേണ്ട. എല്ലാം ശരിയാവും. അധികമൊന്നും നാട്ടില്‍ നില്‍ക്കേണ്ട, പെട്ടെന്നിങ്ങു പോര്."
അവള്‍: "ഉം..."
അയാള്‍: "നാളെ എപ്പൊഴാ ഫ്ലൈറ്റ്?"
അവള്‍: "രാത്രിയിലാ"
അയാള്‍: "ശരി ഞാന്‍ പോട്ടെ"
അവള്‍: "ശരി"
അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാനവളെ വീണ്ടുമൊന്നു നോക്കി
അവളുടെ മുഖം വല്ലാതെ കലുഷിതമായിരിക്കുന്നു. കണ്ണുകളും കൈകളും മുഖവുമെല്ലാം അനാവശ്യമായി ധൃതിയില്‍ ചലിപ്പിക്കുന്നു. ഇടയ്ക്ക് എന്റെ നേരെ ഒരു നോട്ടം.. ആര്‍ദ്രമായിട്ട്
കണ്ണില്‍ വെള്ളം നിറഞ്ഞിരിക്കുന്നോ...
ഞാന്‍ കാണാത്ത മട്ടില്‍ മുഖം തിരിച്ചു
ഒന്നു സംശയിച്ചു നിന്ന ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ പെട്ടെന്നവള്‍ മുന്നിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കു നേരെ ധൃതിയില്‍ നടന്നു.
എന്റെ മനസ്സിലൊരാന്തലുണ്ടായി.
കടന്നു പോകുന്ന വാഹനങ്ങളുടെ തൊട്ടരികില്‍ വരെ പോയ ശേഷം അവള്‍ തിരിച്ച് ബസ് സ്റ്റോപ്പില്‍ പോയി നിന്നു. പിന്നെ നേരെ ഇടതു ഭാഗത്തേക്ക് ധൃതിയില്‍ നടക്കുന്നു. വീണ്ടും തിരകെ ബസ് സ്റ്റോപ്പില്‍. പിന്നെ വലതു ഭാഗത്തേക്ക് കുറേ ദൂരം ഓടും പോലെ നടന്നു. തിരിച്ച് വീണ്ടും ബസ് സ്റ്റോപ്പില്‍‌.
പല ദിക്കുകളിലേക്കായി മാറി മാറി നോക്കുന്നു. ആരെയോ തിരയും പോലെ, പേടിക്കും പോലെ..
ഇടയ്ക്ക് ഒന്നു രണ്ടു തവണ എന്നെയും.
പിന്നീട് തിരിച്ച് വീണ്ടും അവള്‍ എന്റെ തൊട്ടു പിന്നിലായി വന്നു നിന്നു.
മുഖം ഇപ്പോള്‍ കുറേ കൂടി പ്രക്ഷുബ്ധമാണ്.
അസാധാരണമായ അവളുടെ പ്രവൃത്തികള്‍ എന്നില്‍ വല്ലാത്തൊരു ഭയം ജനിപ്പിച്ചു.
ആദ്യമായാണ് ഇത്തരമൊരനുഭവം
ഇടയ്ക്ക് അവളെയൊന്നു തിരിഞ്ഞു നോക്കി.
വായിച്ചെടുക്കാന്‍ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങളുമായി അവളെന്നെ തിരിച്ചും
കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നു.
ഞാന്‍ പെട്ടെന്ന് മുഖം തിരിച്ച്, ഇല്ലെന്നറിഞ്ഞിട്ടും എനിക്ക് വരാനുള്ള ബസ് വരുന്നുണ്ടോ എന്ന് നോക്കി.
അല്പം കൂടി കഴിഞ്ഞപ്പോള്‍ എനിക്ക് പിറകില്‍ നിന്നും ഒരു ഏങ്ങിക്കരച്ചില്‍ പോലെ എന്റെ കാതില്‍ പതിച്ചു.
തിരിഞ്ഞു നോക്കാന്‍ ധൈര്യമുണ്ടായില്ല.
ഇപ്പോള്‍ കരയുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം.
എനിക്ക് തിരിഞ്ഞു നോക്കാതിരിക്കാനായില്ല. അതെ അവള്‍ ശരിക്കും കരയുകയാണ്. ഒരു കൈ കൊണ്ട് ഇരു കണ്ണുകളും തുടച്ച്, ഇടയ്ക്ക് എന്നെ ദയനീയമായി നോക്കിക്കൊണ്ട്.
ഞങ്ങള്‍ക്കു മുന്നിലൂടെ കടന്നു പോകുന്നവര്‍ കരഞ്ഞ് നില്‍ക്കുന്ന അവളേയും കൂടെ പരുങ്ങി നില്‍ക്കുന്ന എന്നെയും മാറി മാറി നോക്കി ഇടപെടണോ പോകണോ എന്ന ശങ്കയില്‍ പോകുന്നു.
ഞാനാകെ വല്ലാതായി. ദൈവമേ എന്തു ചെയ്യും... കരയാതിരിക്കാന്‍ അവളോട് പറഞ്ഞാലോ? അതല്ലെങ്കില്‍ എന്താ കാര്യമെന്നന്വേഷിച്ചാലോ? അപ്പോള്‍ അവള്‍ കരച്ചില്‍ ഉച്ചത്തിലാക്കാനും മതി.
ഞാന്‍ മൊബൈലെടുത്ത് ഏതൊക്കയോ ബട്ടനുകളില്‍ വെറുതെ അമര്‍ത്തിക്കൊണ്ട് തന്ത്രപൂര്‍വ്വം അവിടെ നിന്നും പതുക്കെ പതുക്കെ കുറച്ചകലേക്ക് മാറി നിന്നു.
ഭാഗ്യം അതാ എനിക്ക് പോകാനുള്ള 54 നമ്പര്‍ ബസ് വരുന്നുണ്ട്.
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഒരിക്കല്‍കൂടി ഞാനവളെ ഒന്ന് നോക്കി.
കരച്ചിലിനിടയിലും എന്റെ നേര്‍ക്ക് നോക്കിയ അവളുടെ കണ്ണുകള്‍ ഇപ്പോഴും മനസ്സിലുണ്ട്
കുറച്ച് നൊമ്പരവും കുറേയേറെ ചോദ്യങ്ങളും ബാക്കി വച്ച്...
മനസ്സില്‍ എവിടൊക്കെയോ കൊളുത്തി വലിച്ച്....